കണ്ണൂര്‍: നാടെങ്ങും ലോകകപ്പ് ആവേശം നിറയുന്പോൾ അഭിമാനത്തോടെ തലയുയർത്തുകയാണ് കണ്ണൂര്‍ വാരിയേഴ്സും ആരാധകരും. കണ്ണൂര്‍ വാരിയേഴ്സ് എഫ്സിയുടെ വിദേശ താരങ്ങളില്‍ ചിലര്‍ ലോകകപ്പില്‍ തിളങ്ങുന്ന താരങ്ങള്‍ക്കെതിരെയോ ഒന്നിച്ചോ കളിച്ചിട്ടുണ്ട്. ദേശീയ ടീമില്‍ ഒന്നിച്ച് കളിച്ചവരുമുണ്ട്. കണ്ണൂര്‍ വാരിയേഴ്സ് എഫ്സി ക്യാപ്റ്റന്‍ സ്പാനിഷ് താരം അഡ്രിയാന്‍ സാര്ദിനെറോയാണ് ഇതില്‍ പ്രധാനി.
വിവിധ യൂറോപ്യന്‍ ക്ലബുകള്‍ക്ക് വേണ്ടി ബൂട്ടുകെട്ടിയ അഡ്രിയാൻ സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ (പോര്‍ച്ചുഗല്‍), ലയണല്‍ മെസി (അര്‍ജന്റീന) ഡെന്‍സല്‍ ഡംഫ്രീസ് (നെതര്‍ലാൻഡ്), ജോര്‍ദാന്‍ പിക്ക്ഫോര്‍ഡ് (ഇംഗ്ലണ്ട്),നിക്കോള വ്ലാഷിച്ച് (ക്രൊയേഷ്യ), കോഡി ഗാക്പോ, ഡോണെല്‍ മാലന് (ഇരുവരും നെതര്‍ലാന്‍ഡ്), പിക്കോ ലോപസ് (കേപ് വെര്‍ദെ), കോണര്‍ മെറ്റ്കാല്‍ഫ് (ഓസ്ട്രേലിയ), ഇദ്രിസ ഗയേ (സെനഗല്‍) എന്നിവര്‍ക്കെതിരെ കളിച്ചിട്ടുണ്ട്.
സ്പാനിഷ് ക്ലബായ ഗെറ്റാഫെയുടെ ജഴ്സിയണിഞ്ഞപ്പോഴാണ് അഡ്രിയാന്‍ റയല്‍ മാഡ്രിഡില്‍ കളിച്ചിരുന്ന ക്രിസ്റ്റ്യാനോ റൊണാള്‍ഡോയ്ക്കും ബാഴ്സലോണയില്‍ കളിച്ചിരുന്ന ലയണല്‍ മെസിക്കുമെതിരെ ലാ ലിഗയില്‍ കളിച്ചത്. സൈപ്രസ് ക്ലബായ അപ്പോളോണ്‍ ലിമാസോള്‍ എഫ്സിക്കായി യുഇഎഫ്എ യൂറോപ്പാ ലീഗില്‍ എവര്ട്ടണ് എഫ്സിക്കെതിരെ കളിച്ച മത്സരത്തില്‍ ഇംഗ്ലണ്ട് ഗോള്‍കീപ്പര്‍ ജോര്‍ദാന്‍ പിക്ക്ഫോര്‍ഡിനെ മറികടന്ന് അഡ്രിയാന്‍ ഗോള്‍ നേടിയിരുന്നു. അന്ന് എവര്‍ട്ടണിന്റെ പരിശീലകന് നിലവിലെ നെതര്‍ലന്‍ഡ്സ് ദേശീയ ടീം പരിശീലകനായ റൊണാള്‍ഡ് കൂമന് ആയിരുന്നു. മുന്‍ ഇംഗ്ലണ്ട് നായകന് വെയ്ന്‍ റൂണിയും അന്ന് എവര്ട്ടണ് ടീമിന്റെ ഭാഗമായിരുന്നു.
പിഎസ്വിക്കെതിരെ കളിച്ചപ്പോഴാണ് ഡംഫ്രീസ്, മാലന്, ഗാക്പോ എന്നിവര്‍ക്കെതിരെ കളിച്ചത്. ഇംഗ്ലീഷ് താരം നോണി മധുക്കെ പിഎസ്വി ബെഞ്ചിലുണ്ടായിരുന്നു. കണ്ണൂര്‍ വാരിയേഴ്സ് മധ്യനിര താരം അസിയര്‍ ഗോമാസ് സ്പെയിന് അണ്ടര്‍-16 ദേശീയ ടീമിനായി കളിച്ചപ്പോള്‍ നിലവില്‍ സ്പെയിന് ലോകകപ്പ് ടീമിന്റെ പ്രധാന താരങ്ങളായ മാര്‍ക്ക് കുകുറേയ, ഡാനി ഒല്‍മോ എന്നിവരോടൊപ്പം കളിച്ചിരുന്നു